Friday, February 27, 2009

നിയമങ്ങൾ എല്ലാം നല്ലതിനാണു്. കൊണ്ടു വരു കുറച്ചുകൂടി

സുപ്രീം കോർട്ടിനും, ഹൈ കോർട്ടിനും എളുപ്പം തീരുമാനം എടുക്കാൻ പറ്റുന്ന കേസുകൾ ഇപ്പോൾ സൈബർ ക്രൈം കേസുകളാണല്ലോ. ഇപ്പോൾ ശിവസേനയാണു് ഈ സ്വതന്ത്ര മാദ്ധ്യമാകാരുടെ പുതിയ ഇര. ഈ മഹാപാപം ചെയ്തതു കുരുത്തം കെട്ട ഏതോ ഒരു 19-വയസുകാരൻ ചെറുക്കനാണെന്നാണു് അറിഞ്ഞതു്. ഓർക്കുട്ട് പോലുള്ള വൃത്തികെട്ട സ്ഥലത്തു് നമ്മുടെ ഭാരതത്തിലെ മഹനീയമായ ഒരു സ്ഥാപനത്തെപ്പറ്റി വൃത്തികേട് എഴുതാൻ വേദി ഒരുക്കി എന്നതു് വളരെ ഖേദകരം തന്നെ. പിന്നെ മറ്റു് രാഷ്ട്രീയ ഇടപെടലുകളും അധികം ഉണ്ടാവില്ല. രാഷ്ട്രീയക്കാരുടേ മറ്റു സേവനങ്ങളെ താറടിച്ചു കാണിക്കാനായി അവരുടെ മേൽ വിവരമില്ലാത്ത ജനം ചുമത്തുന്ന അഴിമതി ആരോപണങ്ങൾ ഭാവിയിൽ ഉണ്ടാവരുതു്. വേണ്ടാത്തതു് എഴുതിയിട്ടിട്ടല്ലേ ഈ പ്രശ്നം എല്ലാം ഉണ്ടായതു്. പത്രക്കാരാണെങ്കിൽ വളര തിരക്കിലാണു് ഇപ്പോൾ. കേരള രാഷ്ട്രീയത്തിന്റെ ഓരോ ചലനവും ശ്രദ്ധിക്കണ്ടേ. മാത്രമല്ല ഇപ്പോൾ അധികവും ജനം ഈ ഓൺ‌ലൈൻ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കുന്നതു കൊണ്ടു് അവർ ഇതിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും ഒട്ടും ശരിയല്ല.

കൊലപാതകം പോലും ഇത്രയും വലിയ ഒരു തെറ്റല്ല എന്നു മനസ്സിലാക്കണം. അതുകൊണ്ടാണു് നമ്മുടെ കോടതികളിൽ വർഷങ്ങളായി കെട്ടികിടക്കുന്ന മറ്റു കേസുകളെല്ലാം മാറ്റിവെച്ചിട്ട് ഈ ക്രൂരനായ പത്തൊമ്പതുകാരനെ നിയമനടപടിക്കു മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ചതു്. നമ്മുടെ നിയമനടപടികൾ ഒരുപാടു പുരോഗമിച്ചു എന്നുള്ളതാണു് ഇതിലൂടെ തെളിയുന്നതു്.

ഭാരതത്തിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന ഈ ഭടന്മാരെ കുറിച്ച് വൃത്തികേട് എഴുതാൻ വേദി ഒരുക്കുന്നവനെ ഒരു നിയമത്തിനും രക്ഷിക്കാൻ കഴിയില്ല. തലയിൽ എണ്ണ കോരി ഒഴിച്ചു്, സാരി ഉടുത്തു്, പൊട്ടും തൊട്ടു്, പിള്ളേരെ ഉണ്ടാക്കുന്നതിനു് പകരം ഭാരതീയ സ്ത്രീകൾ മധുശാലകളിൽ അഴിഞ്ഞാടുന്നതു് തടഞ്ഞവരല്ലേ ഈ ധീരയോദ്ധാക്കൾ. അവരെ കുറിച്ച് മോശമായോ ആക്ഷേപമായോ ആരെന്തെഴുതിയാലും അതു് തടയാൻ നിയമം ആദ്യം ഉണ്ടാവണം. നമ്മുടെ സ്ത്രീകളെ നിയന്ത്രിച്ചില്ലെങ്കിൽ അവർ വഴിപിഴച്ചു പോകില്ലേ? പിന്നെ ഇവരെ ആരു് വിവാഹം ചെയ്യും? ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

അതേ, എല്ലാത്തിനും ഒരു നിയന്ത്രണം നല്ലതിനു തന്നെ. പ്രത്യേകിച്ചും നമ്മുടേ പ്രിയപ്പെട്ട നേതാക്കൾ പാർലമെന്റിൽ നമ്മുടെ കാര്യത്തിനായി ചിലവാക്കാനും, മറ്റു പാർട്ടി ആവശ്യങ്ങൾക്കുമായി കൊണ്ടുപോയ പണം സൂട്ട്‌കേസിൽ നിന്നും പുറത്തെടുത്തപ്പോൾ ദുഷ്ടന്മാർ അതു് T.V.യിൽ പകർത്തി. നമ്മുടെ ജനത്തെ തെറ്റിദ്ധരിപ്പിച്ചു. അതു് കോഴപ്പണമാണെന്നു പറഞ്ഞു. T.V. ചാനലുകളെ തൂക്കി കൊല്ലുക തന്നെ വേണം. ദേശദ്രോഹമല്ലേ T.V. ചാനലുകൾ ചെയ്തതു്. ഞാൻ ചോദിക്കുന്നു എവിടായിരുന്നു ഈ ജനങ്ങൾ? എവിടായിരുന്നു ഈ നാട്ടിലെ പത്രക്കാർ?

നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ടു്. ഈ സ്വതന്ത്ര മാദ്ധ്യമം എത്ര ഭയങ്കര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നു നമുക്കറിയാവുന്നതിനെക്കാൾ നമ്മുടെ കോടതികൾക്കറിയാം. അടുത്തു് നടന്ന ഭീകരാക്രമണത്തിന്റെ തെളിവെടുപ്പും മറ്റു അന്വേഷണങ്ങൾ പോലും ആരും ഇത്രമാത്രം പ്രാധാന്യം കല്പിച്ചിട്ടില്ല എന്നു് നാം ഓർക്കണം.

ഈ സ്വതന്ത്ര മാദ്ധ്യമം തന്നെ ആവശ്യമില്ല. വെറുതെ മനുഷ്യരെ ചിന്തിപ്പിച്ചു് ടെൻഷൻ ഉണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടോ? ഇതിനെല്ലാം വളരെ എളുപ്പത്തിൽ ഒരു തീരുമാനം ഉണ്ടാവുന്നതെങ്ങനെ എന്നാൽ: ആദ്യം ഇന്റർനെറ്റ് നിയന്ത്രിക്കുക. ചൈന ചെയ്തതു പോലെ പ്രശ്നക്കാരായ എല്ലാ സൈറ്റും ബാൻ ചെയ്യുക. വിദേശികൾ എന്തെങ്കിലും പരിപാടിക്ക് കൂട്ടമായി രാജ്യത്തു വരുമ്പോൾ മാത്രം കുറേശ്ശെ തുറന്നു കൊടുക്കുക. സർക്കാറിനെയും നമ്മുടെ ജനസേവകന്മാരായ നേതാക്കളെയും ചോദ്യം ചെയ്യുന്ന എല്ലാവനേയും അകത്ത് ആക്കുക.

സർക്കാർ നമുക്ക് എല്ലാം ചെയ്തു തരുന്നില്ലേ? പിന്നെ എന്തിനാണു് ഈ 24 മണിക്കുർ ന്യൂസും ഇൻ‌വെസ്റ്റിഗേഷൻ ജേണലിസവും? ഇൻ‌വെസ്റ്റിഗേഷൻ ചെയ്യാൻ ഇവിടെ സർക്കാരിന്റെ പോലിസ് ഇല്ലേ? CBI ഇല്ലേ? കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഇല്ലേ? ചില ജോലികൾ വളരെ സമയം എടുത്തു ചെയ്യണം എന്നുള്ളതുകൊണ്ടാണു് 10, 20 വർഷം എടുക്കുന്നതു് എന്നു നമ്മൾ മനസ്സിലാക്കണം. അല്ലാതെ അതു് നമ്മുടെ സംവിധാനത്തിന്റെ കുഴപ്പമല്ല.

സ്വകാര്യ ന്യൂസ് ചാനൽ എല്ലാം അടച്ചു പൂട്ടി ദൂരദർശൻ മാത്രം മതി നമുക്കു്. സർക്കാർ പറയുന്നതു മാത്രം കേട്ടു സന്തോഷമായി നമ്മൾ ജീവിച്ചു പോന്നൊരു കാലമുണ്ടായിരുന്നില്ലേ.

ഈ ഇന്റർനെറ്റ് എന്നോക്കെ പറഞ്ഞാൽ നമുക്ക് കുടുംബവുമായി ഇരുന്നു കാണാൻ പറ്റുന്ന വല്ലതുമാണോ? മൊത്തം തെറിയല്ലേ? ഇതു് ഇവിടെ നിരോധിച്ചിട്ടു് കൂടുതൽ കുടുംബസീരിയലുകൾ ദൂരദർശൻ ചാനലിനു് എടുക്കാൻ ഫണ്ട് അനുവദിക്കാനായി സർക്കാരിനോടു് ആവശ്യപ്പെടണം.

ഇനി ഒരു പ്രധാനപ്പെട്ട കാര്യം കൂടി നമ്മൾ ചെയ്യേണ്ടതുണ്ടു്. മതം, രാഷ്ട്രീയം, അഴിമതി, ലൈംഗികം, ദാരിദ്ര്യം, ഗുണ്ടായിസം ഇതുപോലുള്ള കാര്യങ്ങൾ പൊതു സ്ഥലത്തു് ചർച്ചചെയ്യാൻ പാടില്ല എന്നൊരു നിയമം വളരെ നല്ലതായിരിക്കും. അതുപോലെ നിരീശ്വരവാദികളെയും ഫെമിനിസ്റ്റുകളേയും എവിടെ കണ്ടാലും കയ്യും കാലും തല്ലി ഒടിക്കാനും ഒരു നിയമം നല്ലതായിരിക്കും.

മ്യന്മാർ, ബെലറുസ്, ഇറാൻ, സിറിയ, നോർത് കൊറിയ എന്നീ രാജ്യങ്ങളിൽ ഒരു സംഘത്തെ വിടുന്നതും സർക്കാരിനു ചെയ്യാവുന്നതാണു്. ഭാവിയിൽ നമുക്കും ഈ പട്ടികയിൽ ഒരു സ്ഥാനം ഉറപ്പിക്കാം എന്ന ചിരകാല അഭിലാഷത്തോടെ ഞാൻ നിർത്തുന്നു.

ജയ് ഹിന്ദ്

-------------------------
ഇതിലെ അക്ഷരപിശാചുക്കളെ ആവാഹിച്ചു് ഉച്ചിയിൽ ആണിയടിച്ചു് തറച്ചതിനു് ഉമേഷ് അണ്ണനു നന്ദി.പൊതു ജന സേവനത്തിനുള്ള എന്റെ അഭ്യർത്ഥന സ്വീകരിച്ച് ഇതു തിരുത്തിയ സുമേഷ് ചന്ദ്രനും നനി.

20 comments:

  1. കലക്കി കൈപ്പള്ളീ!

    ReplyDelete
  2. അക്ഷര തെറ്റുകൾ കൂടുതൽ ഉണ്ടെന്നു പരാതി ഉള്ളവർ, ഒരു പൊതുജന സേവനം എന്നു നിലയിൽ പരികണിച്ചു ഇതു തിരുത്തി എനിക്ക് email ആയി അയച്ചു തന്നാൾ ഇവിടെ വീണ്ടും ഇടുന്നതാണു്.

    :)

    നന്ദി

    ReplyDelete
  3. "മ്യന്മാർ, ബെലറുസ്, ഇറാൻ, സിറിയ, നോർത് കൊറിയ, എന്നീ രാജ്യങ്ങളിൽ ഒരു സംഖത്തെ വിടുനുന്നതും സർക്കാരിനു ചെയ്യാവുന്നതാണു്. ഭാവിയിൽ നമുക്കും ഈ പട്ടികയിൽ ഒരു സ്ഥനം ഉറപ്പിക്കാം എന്ന ചിരകാല അഭിലഷത്തോടെ ഞാൻ നിർത്തുന്നു."

    ഞാനും നിര്‍ത്തുന്നു.
    -സുല്‍

    ReplyDelete
  4. അക്ഷര തെറ്റുകൾ കൂടുതൽ ഉണ്ടെന്നു പരാതി ഉള്ളവർ, ഒരു പൊതുജന സേവനം എന്നു നിലയിൽ പരി‘ക‘ണിച്ചു ഇതു തിരുത്തി എനിക്ക് email ആയി അയച്ചു തന്നാൾ ഇവിടെ വീണ്ടും ഇടുന്നതാണു്.

    :)


    ഹഹ കിടു :)

    ReplyDelete
  5. നല്ല പോസ്റ്റ് കൈപ്പള്ളി...

    അഭിവാദ്യങ്ങള്‍....

    ReplyDelete
  6. ഈ പോസ്റ്റിനു ഞാനൊരു സ്മൈലി ഇടും. വേണ്ടെങ്കില്‍ ‍ അങ്ങ് ഡിലീറ്റ് ചെയ്തേക്കൂ ...

    :)

    ReplyDelete
  7. നന്നായി കൈപ്പള്ളീ...അവസരോചിതം!

    (“മാദ്ധ്യമം” കണ്ടപ്പോഴേ ഉമേഷിനെ ഓര്‍ത്തിരുന്നു)

    ReplyDelete
  8. അല്ല പാഞ്ചാലീ.

    മാധ്യമം -> മാദ്ധ്യമം പോലെയും സംവൃതോകാരം പോലെയുമുള്ള തിരുത്തുകൾ ഞാൻ വരുത്തിയിട്ടില്ല. അവ കൈപ്പള്ളി ഉപയോഗിച്ചതു തന്നെയാണു്. തെറ്റായവ (ഖേതം -> ഖേദം പോലെ) തിരുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്റെ സ്റ്റൈൽ അടിച്ചേൽ‌പ്പിച്ചിട്ടില്ല.

    ദ്ധ്യ എന്നെഴുതുന്ന അന്യം വന്ന ജീവി ഞാൻ മാത്രമാണോ കടവുളേ?

    ReplyDelete
  9. -“മാദ്ധ്യമം” കണ്ടപ്പോഴേ ഉമേഷിനെ ഓര്‍ത്തിരുന്നു-

    എന്നത് പഴയ ആ മാധ്യമം -> മാദ്ധ്യമം ഡിസ്കഷന്‍ പോസ്റ്റ്/കമന്റ് ഓര്‍ത്തിരുന്നു എന്ന് തിരുത്തി വായിക്കുക.
    :)

    ReplyDelete
  10. അതു ശരിയാണ് പലപ്പോഴും ഞാനും ആലോചിച്ചുപോയിട്ടുണ്ട്, ഇതൊന്നും പാടില്ല (പറഞ്ഞു വന്നാല്‍ ഒന്നും പാടില്ല) എന്നൊരു ജി ഓ ഇറക്കിയാല്‍ സംഗതി കുശാലായി. ഇടയ്ക്കിടയ്ക്ക് കോടതി എന്നും പറഞ്ഞു കണ്ണുരുട്ടി പേടിപ്പിക്കാതെ കഴിയാമല്ലോ. നമുക്കെല്ലാം ബ്ലോഗുപയോഗിച്ച് ഈക്കി ഈക്കിതമ്പലം കളിക്കാം. പത്രക്കാര് മുഞ്ഞബാധ, മണ്ഡരി, കാറ്റുവീഴ്ച തുടങ്ങിയവയെക്കുറിച്ച് എഡിറ്റോറിയല്‍ എഴുതി കാലം കഴിച്ചോളും. ഒരു സിന്‍ഡിക്കേറ്റും പിന്നെ പുലരില്ല. സര്‍വം സമ്പല്‍ സമൃദ്ധം. ഇന്ത്യ ഇരുട്ടത്തും തിളങ്ങും!! സുഖിനോ ഭവന്തു!!

    ReplyDelete
  11. സോറി ലിങ്കു വരുന്നില്ല. അതുകൊണ്ട് ;ലിങ്ക് അതു പോലെ ഇടുന്നു.

    http://timesofindia.indiatimes.com/India/Bloggers-can-be-nailed-for-slur/articleshow/4178823.cms

    ReplyDelete
  12. വാര്‍‌ത്ത വായിച്ചിട്ടു കഷ്ടം തോന്നി. ഇങ്ങനെയുള്ള നിയമനിര്‍‌മ്മാണവും കോടതിയുത്തരവുകളുമെല്ലാം എവിടെപ്പോയി അവസാനിക്കും?

    (ഓ. ടോ: ഉമേഷ് സാര്‍, എനിക്കും “മാദ്ധ്യമം” ആണു പത്ഥ്യം. “മാധ്യമം” എന്നു പറയുമ്പോള്‍ ഒരു ബലമില്ലാത്തപോലെ.)

    ReplyDelete
  13. വളരെ ഡീസന്റായി പോസ്റ്റ് ഇടുകയും പിന്നീട് അനോണിമസായി അതേ സ്വന്തം‌‌ ബ്ലോഗില്‍ തെറിവിളിക്കുകയും ചെയ്യുന്നവര്ക്ക് ഈ വിധി ഒരു പാഠമായാല്‍ അതു നല്ലതല്ലേ കൈപ്പള്ളീ.

    ReplyDelete
  14. ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗ് കൊണ്ട് വലിയ പ്രയോജനം ഇല്ല...

    ഇന്ന് സതിയും ശൈശവവിവാഹവും നിലനിന്നിരുന്നെങ്കില്‍, അതിനെതിരെ ആരെങ്കിലും ബ്ലോഗില്‍ എഴുതിയാല്‍ മതവികാരം വ്രണിതപ്പെട്ടു എന്നു പറഞ്ഞ് കേസായേനേ...

    ReplyDelete
  15. ചുരുക്കിപ്പറഞ്ഞാല്‍ ബ്ലോഗ് കൊണ്ട് വലിയ പ്രയോജനം ഇല്ല...

    ഇന്ന് സതിയും ശൈശവവിവാഹവും നിലനിന്നിരുന്നെങ്കില്‍, അതിനെതിരെ ആരെങ്കിലും ബ്ലോഗില്‍ എഴുതിയാല്‍ മതവികാരം വ്രണിതപ്പെട്ടു എന്നു പറഞ്ഞ് കേസായേനേ...

    ReplyDelete
  16. കേസ് കൊടുക്കുക, അതിന്റെ പിറകെ കെട്ടിമറിയുക ( മറിയിക്കുക) എന്നത് തന്നെ ഒരു ശിക്ഷയാണ്.

    നിലവില്‍ ഒരു ഹരിജന പീഡന നിയമം ചാര്‍ത്തിയ ഒരു കേസുമായി ഞാന്‍ കെട്ടിമറിഞ്ഞുകൊണ്ടിരിക്കുന്ന പരിചയം വെച്ചുപറയുകയാ.

    നാട്ടില്‍ ഇപ്പോള്‍ കേസുണ്ടാക്കാനും ചുറ്റിക്കാനും ക്വട്ടേഷന്കാരുണ്ടെന്നാ കേട്ടു കേള്‍വി. തിരുവനന്തപുറത്തുള്ള കൈപള്ളിയെ കാസര്‍കോട് കോടതി വരാന്തയില്‍ കാണണമെങ്കില്‍ ഒരു ചെക്ക് കേസ് മതിയാവും, കൈപ്പള്ളിക്കെതിരെ സാക്ഷികളും എല്ലാവരും റെഡി.

    അല്പം സാമൂഹ്യസേവനം ചെയ്തുകളയാം എന്ന മോഹമുണ്ടെങ്കില്‍; അടിച്ചു നില്‍ക്കാനും പഠിക്കണം, അത് ഏതു തലത്തിലായാലും. രാഷ്ടീയക്കാരും, മത,ജാതി, കൂട്ടയ്മകള്‍ക്കും അതിനു കരുത്തുണ്ട്, പാവം നിരീശ്വരവാദികള്‍ക്കും, ബ്ലോഗ്ഗേര്‍സിനും അതിനാവില്ലെങ്കില്‍ ജാഗ്രതൈ.

    പ്രാവിനെ വളര്‍ത്തുന്നവര്‍ വരെ സംഘടിക്കുന്നു, സംഘടിക്കുക, ശക്തരാവുക.

    (ചിത്രകാരനെതിരെ ഈയിടെ വന്ന കേസും ഇവിടെ കൂട്ടിവായിക്കുക, കേസ് ചാര്‍ജ്ജ് ചെയ്ത സ്ഥിതിക്കു ജാമ്യവും വക്കീലും ,കോടതിയൊക്കെയായി, അദ്ദേഹം ഇപ്പോള്‍ തിരക്കിലായിക്കാണും.)

    ReplyDelete
  17. ഇതൊരു തുടക്കം മാത്രമാണെന്ന് വിചാരിക്കുന്നു. ഇന്ത്യപോലുള്ള ഉഡായിപ്പ് ജനാധിപത്യത്തില്‍ പ്രതീക്ഷിക്കാവുന്നതേയുള്ളൂ. ഭരണഘടനയിലെ തന്നെ “ഫ്രീഡം ഓഫ് സ്പീച്ച് ആന്റ് എക്സ്പ്രെഷന്‍“ എന്നത് താഴെ ഉപാധിയോടെയാണ് എഴുതിയിരിക്കുന്നത്.(അങ്ങനെയല്ല വേണ്ടത് എന്നല്ല) അതായത് അത്രയ്ക്ക് പ്രതീക്ഷിക്കുകയൊന്നും വേണ്ടാട്ടോ എന്ന് പറയുന്നുണ്ട്. ഐ.പി.സി 506 എങ്ങനെ ഇവിടെ ബാധകമാവുമെന്നും പിടികിട്ടീല്ല.ആരെങ്കിലും ആ ഓര്‍ക്കുട്ട് ഗ്രൂപ്പില്‍ എഴുതിയതെന്താണെന്ന് വായിച്ചോ?
    വളരെ വിശാലമായി കാണാന്‍ ശ്രമിച്ചാല്‍ പൌരന്മാരുടെ ജീവിതാവസ്ഥയില്‍ - മനസിലുള്ളത് പുറത്തേക്ക് തുടങ്ങിയ - വന്നിട്ടുള്ള സമൂലമായ മാറ്റങ്ങളുമായി, ശരിക്കും ബ്ലാക്ക് സ്വാന്‍ എന്ന് കരുതാവുന്ന തരത്തിലുള്ള മാറ്റങ്ങളുമായി, നിലവിലുള്ള വ്യവസ്ഥ എങ്ങനെ പ്രതികരിക്കും എന്നത് കൂടി ഇതില്‍നിന്ന് വ്യക്തമാവും. ജരാനരബാധിച്ച നിയമങ്ങള്‍ വടിച്ചുകളയാന്‍ ജനത ഇറങ്ങേണ്ടിവരും. അതിന് തയ്യാറാവണം. അല്ലേല്‍ ഇതൊക്കെത്തന്നെ. ഇന്ത്യയിലും, സൌത്തേഷ്യ മൊത്തത്തിലും, നിലനില്‍ക്കുന്ന സാമൂഹികസാംസ്കാരികപരിസരത്തില്‍ ഇതിന്ന് വല്ലാത്ത പ്രാധാന്യമുണ്ട്.

    ReplyDelete
  18. അക്ഷര തെറ്റുകൾ ഒരു പ്രശ്നമല്ല .. എഴുത്തിലാണ് കാര്യം.
    കലക്കി കടുക് വറുത്തു ! അഭിവാദ്യങ്ങള്‍.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..